പഴശ്ശി ഡാം

മട്ടന്നൂർ–ഇരിട്ടി പാതയിലെ മനോഹരമായ പൂന്തോട്ടങ്ങളും നടപ്പാതകളും സാംസ്കാരിക ആംഫിതിയേറ്ററും നിറഞ്ഞ മഹത്തായ അണക്കെട്ട് കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്ന് 37 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന പഴശ്ശി അണക്കെട്ട്, പ്രകൃതിസൗന്ദര്യവും വിനോദസഞ്ചാര പ്രവർത്തനങ്ങളും ഒരുമിച്ച് ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് അനുയോജ്യമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ചരിത്രപ്രസിദ്ധനായ പഴശ്ശിരാജാവിന്റെ പേരിലാണ് ഈ അണക്കെട്ടിന് പേര് ലഭിച്ചത്. വളപട്ടണം നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ കല്ലുകൊണ്ടുള്ള ഡൈവർഷൻ അണക്കെട്ട് തലശ്ശേരി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രധാന ജലസേചന സംവിധാനങ്ങളിലൊന്നാണ്.
1979-ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി ഉദ്ഘാടനം ചെയ്ത പഴശ്ശി അണക്കെട്ട് മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും ശാന്തമായ അന്തരീക്ഷത്തിനും പേരുകേട്ടതാണ്. ജലസംഭരണിക്ക് ചുറ്റുമുള്ള പച്ചപ്പാർന്ന പ്രകൃതിദൃശ്യങ്ങൾ സമീപപ്രദേശങ്ങളിൽ നിന്നും ദൂരദേശങ്ങളിൽ നിന്നുമുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. അണക്കെട്ടിന്റെ മുകൾഭാഗത്തിലൂടെ വാഹനത്തിൽ സഞ്ചരിക്കാനാകുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ഇതിലൂടെ ചുറ്റുമുള്ള മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ വിശാലമായ കാഴ്ചകൾ ആസ്വദിക്കാം.
ജലസംഭരണിയിൽ വിനോദ ബോട്ടിംഗ് സൗകര്യം ഒരുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) സന്ദർശകരുടെ അനുഭവം കൂടുതൽ മനോഹരമാക്കുന്നു. അണക്കെട്ടിനോട് ചേർന്ന് മനോഹരമായി പരിപാലിക്കുന്ന ഒരു പൂന്തോട്ടവും ഉണ്ട്. പഴശ്ശിരാജാവിന്റെ പ്രതിമ ഉൾപ്പെടെയുള്ള വ്യത്യസ്തമായ ശിൽപ്പങ്ങൾ പൂന്തോട്ടത്തിന്റെ ആകർഷണമാണ്. കുട്ടികൾക്കായി വിവിധ റൈഡുകളും ഊഞ്ഞാലുകളും ഉൾപ്പെടുന്ന ഒരു പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉയരമുള്ള മരങ്ങളാൽ ചുറ്റപ്പെട്ട ഈ പാർക്ക് കാടിന്റെ അന്തരീക്ഷം ഓർമ്മിപ്പിക്കുന്ന ശാന്തമായ അനുഭവം നൽകുന്നു.
കൂടാതെ, സാംസ്കാരിക പരിപാടികൾ നടത്തുന്നതിനുള്ള തുറന്ന വേദി, ഭക്ഷണശാലകൾ, ഗാന്ധിഗ്രാമം വയനാട് എന്നിവയും പൂന്തോട്ടത്തിലുണ്ട്.
അണക്കെട്ടിലെ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ സഞ്ചാരികൾക്ക് സുഖപ്രദമായ താമസസൗകര്യം ലഭ്യമാണ്. അതിനാൽ സന്ദർശകർക്ക് കൂടുതൽ ദിവസം ഇവിടെ താമസിച്ച് പ്രദേശത്തിന്റെ സൗന്ദര്യവും സമീപപ്രദേശങ്ങളിലെ കാഴ്ചകളും ആസ്വദിക്കാം. നന്നായി പരിപാലിച്ചിരിക്കുന്ന നടപ്പാതകളും അണക്കെട്ടിന്റെ മനോഹരമായ കാഴ്ചകളും നിറഞ്ഞ പൂന്തോട്ടം എല്ലാ പ്രായക്കാർക്കും അനുയോജ്യമായ മികച്ച പിക്നിക് കേന്ദ്രമാണ്. പൂന്തോട്ടത്തിനുള്ളിലെ ആംഫിതിയേറ്ററിൽ വിവിധ സാംസ്കാരിക പരിപാടികളും കലാപരിപാടികളും അരങ്ങേറുന്നതിനാൽ ഇവിടുത്തെ അന്തരീക്ഷത്തിന് കൂടുതൽ ചൈതന്യം പകരുന്നു.
സമീപത്തുള്ള പ്രധാന ആകർഷണങ്ങളിൽ എടക്കാനം റിവർ വ്യൂ പോയിന്റും ഇരിട്ടി ഇക്കോ പാർക്കും ഉൾപ്പെടുന്നു. പ്രകൃതിയെ അടുത്തറിയാനും വിശ്രമിക്കാനും ഇവിടങ്ങൾ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നു. കുളൂർ ബാരേജ് എന്നും അറിയപ്പെടുന്ന പഴശ്ശി അണക്കെട്ട് ഉത്തരകേരളത്തിലെ ആദ്യത്തെ പ്രധാന ജലസേചന പദ്ധതിയാണ്. അതിനാൽ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള പ്രാധാന്യത്തിനപ്പുറം ചരിത്രപരവും ജലസേചനപരവുമായ വലിയ പ്രാധാന്യവും ഈ അണക്കെട്ടിനുണ്ട്.
ഇരിട്ടി നഗരവനം

സാമുഹിക വനവൽക്കരണ വിഭാഗത്തിന്റെ അധീനതയിൽ ഉണ്ടായിരുന്ന സഞ്ജീവനി ഔഷധ ഉദ്യാനം ആണു 40 ലക്ഷം രൂപ ചെലവിൽ നവീകരണ പ്രവൃത്തികൾ നടത്തി കൂടുതൽ മനോഹരമാക്കിയിട്ടുള്ളത്.ഇരിട്ടി -എടക്കാനം റോഡിൽ പഴശ്ശി ജലസേചന വിഭാഗത്തിന്റെ 10 ഹെക്ടറോളം സ്ഥലത്ത് 2003 ൽ വനം വകുപ്പിന്റെ നിയന്ത്രണത്തിൽ സ്ഥാപിച്ചതായിരുന്നു ഔഷധ ഉദ്യാനം.
ഇവിടെ നേരത്തേ നട്ടുപിടിപ്പിച്ചതിൽ പതിമുഖം, നന്നാറി, തിപ്പല്ലി, രത്നചന്ദനം, ആടലോടകം, വേങ്ങ തുടങ്ങി തുടങ്ങി 25 ഇനങ്ങളിലുള്ള ആയിരത്തോളം ഔഷധ ചെടികൾക്കു പുറമേ 6000 തൈകൾ കൂടി നട്ടുപിടിപ്പിച്ചു ബൊട്ടാണിക്കൽ ഗാർഡൻ ആക്കിയാണ് പുനരുദ്ധരിച്ചു ഇപ്പോൾ നഗരവനം ആക്കിയിട്ടുള്ളത്. 10 ഹെക്ടറിൽ 7 ഹെക്ടറോളം സ്ഥലത്ത് ഉദ്യാനം ചുറ്റിനടന്ന് കാണാൻ നടപ്പാതകൾ ഒരുക്കിയിട്ടുണ്ട്. 3.5 ഹെക്ടറോളം സ്ഥലം അടിക്കാട് വെട്ടി നവീകരിച്ചു.
ഇരിട്ടി പുഴയിലെ പഴശ്ശി ജലാശയ സൗന്ദര്യ കാഴ്ചകൾ ആസ്വദിക്കാൻ പറ്റുന്ന വിധം ഉൾപ്പെടെ 3 പേർക്ക് വീതം ഇരിക്കാവുന്ന 50 ഇരിപ്പിടങ്ങൾ ഒരുക്കി. ടിക്കറ്റ് കൗണ്ടറും ശുചിമുറി ബ്ലോക്കും ചുറ്റുമതിലും ഇൻഫർമേഷൻ സെന്ററും ഉൾപ്പെടെ 1-ാം ഘട്ട വികസന പ്രവൃത്തികൾ പൂർത്തീകരിച്ച സാഹചര്യത്തിലാണു സഞ്ചാരികൾക്ക് തുറന്നു കൊടുക്കുന്നത്.
ചിത്രശലഭങ്ങളുടെയും വൃക്ഷങ്ങളുടെയും സസ്യജാലങ്ങളുടെയും അപൂർവയിനം ചെടികളുടെയും പക്ഷിജാലങ്ങളുടെയും ഔഷധ കാഴ്ച്ചയൊരുക്കുന്ന 'ഇരിട്ടി നഗരവനം' സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇക്കോ പാർക്കായി മാറുമെന്ന് ഉറപ്പാണ്
എടക്കാനം റിവർവ്യൂപോയിന്റ്

എടക്കാനം റിവർ വ്യൂ പോയിൻ്റ് ജില്ലയിലെ എണ്ണപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാകുന്നു. അവധി ദിവസങ്ങളിൽ പുലർച്ചെമുതൽ രാത്രിവരെയും പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ടും വൻ സന്ദർശകത്തിരക്കാണിവിടെ. ഇരിട്ടിപ്പുഴയും പുഴ രൂപപ്പെടുത്തിയ അകംതുരുത്തി ദ്വീപും പുഴയോരത്തെ പച്ചപ്പാർന്ന പുൽത്തകിടികളും പ്രത്യേകതയാണ്. വനസാന്നിധ്യം പോലെ പടർന്നുപന്തലിച്ച പഴശി പദ്ധതിയുടെ തീരങ്ങൾ ഉൾപ്പെട്ട പത്തേക്കറിലുള്ള മനോഹാരിത ആരെയും ആകർഷിക്കും. കോടമഞ്ഞിന്റെ പുതപ്പണിഞ്ഞതാണ് പരിസരം. കനത്ത മഴയുടെ ഇരമ്പലും സസ്യ-- ജന്തു വൈവിധ്യവും പ്രദേശത്തെ പ്രകൃതി നിരീക്ഷകരുടെ പ്രിയ ഇടമാക്കുന്നു
അകം തുരുത്തി ദ്വീപ്

ധർമ്മടം തുരുത്തു പോലെ സഞ്ചാരികളെ ആകർഷിക്കുന്നതിനാണ് അകം തുരുത്തി ദ്വീപിനെയും ഇക്കോ ടൂറിസം കേന്ദ്രമാക്കി ഒരുക്കാൻ പദ്ധതിയിടുന്നത്. കാഴ്ച്ചക്കാരിൽ പുഴയുടെയും പച്ചപ്പിൻ്റെയും വശ്യ ഭാവങ്ങൾ നിറയ്ക്കുന്ന കൊച്ചു ദ്വീപാണ് അകം തുരുത്തി. ഇരിട്ടി – എടക്കാനം – പഴശ്ശി പദ്ധതി റോഡിന്റെയും ഇരിട്ടി – തളിപ്പറമ്പ് തയുടെയും ഇടയിൽ ഇരിട്ടി നഗരസഭയിലെ വള്ള്യാടിനും പായം പഞ്ചായത്തിലെ പെരുവംപറമ്പിനും മദ്ധ്യത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. പഴശ്ശി ജലാശയത്തിൽ നാല് ഭാഗവും ജലത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു പച്ചത്തുരുത്താണ് അകംതുരുത്തി ദ്വീപ്. 16 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ ദ്വീപ് കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി മാറാൻ സാധ്യതയുള്ള പ്രദേശമാണ്