കണ്ണൂര്‍ ജില്ലയില്‍,  ഇരിട്ടി താലൂക്കിലാണ്   ഇരിട്ടി നഗരസഭ  സ്ഥിതി ചെയ്യുന്നത്. കീഴൂര്‍, ചാവശ്ശേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഇരിട്ടി നഗരസഭയ്ക്ക്   46.65 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്ക്: പടിയൂര്‍, പായം, ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക് : മുഴക്കുന്ന്,  ഗ്രാമപഞ്ചായത്ത്, തെക്ക് : തില്ലങ്കേരി, മാലൂര്‍ ഗ്രാമപഞ്ചായത്തുകള്‍, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, പടിഞ്ഞാറ് : മട്ടന്നൂര്‍ മുനിസിപ്പാലിറ്റി എന്നിവ ചേര്‍ന്ന് പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ പങ്കിടുന്നു.  ഇന്നത്തെ ഇരിട്ടി നഗരസഭ  ആദ്യകാലത്ത് കീഴൂര്‍, ചാവശ്ശേരി എന്നിങ്ങനെ രണ്ടു പഞ്ചായത്തുകളായിരുന്നു.  എന്നാല്‍ അപ്രകാരം ചുരുങ്ങിയ വര്‍ഷങ്ങളില്‍ മാത്രമേ രണ്ടു പഞ്ചായത്തുകളായി നിലനിന്നിരുന്നുള്ളൂ. പിന്നീട്  കീഴൂർ-ചാവശ്ശേരി പഞ്ചായത്ത് ആവുകയും തുടർന്ന് 2015 ൽ ഇരിട്ടി നഗരസഭയായി മാറുകയും ചെയ്തു. . കുന്നുകളും വയലുകളും പുഴകളും അരുവികളും ഇടകലര്‍ന്ന ഹരിതാഭയാര്‍ന്ന പ്രദേശമാണ് ഇരിട്ടി നഗരസഭ . ഉത്തരകേരളത്തില്‍, കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍, വളപട്ടണം പുഴയുടെ കൈവഴിയായ ഇരട്ടി പുഴയുടെ തെക്കുഭാഗത്തായാണ് ഈ പഞ്ചായത്തിന്റെ സ്ഥാനം. നഗരസഭയുടെ മധ്യഭാഗത്തുകൂടി കേരള - കര്‍ണ്ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അന്തര്‍സംസ്ഥാന പാതയായ തലശ്ശേരി-കൂര്‍ഗ് റോഡ് കടന്നുപോകുന്നു. വടക്കുഭാഗത്തുകൂടി ഇരിട്ടി പുഴ ഒഴുകുന്നു. നഗരസഭയുടെ എല്ലാ ഭാഗങ്ങളും ജനവാസയോഗ്യമാണ്. ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങളും അവയുടെ ചെരിവുകളും നെല്‍വയലുകളുമടങ്ങുന്ന സമതലപ്രദേശങ്ങളുള്ള ഈ പഞ്ചായത്തില്‍ പ്രധാനമായും തെങ്ങ്, കശുമാവ്, കുരുമുളക്, റബ്ബര്‍, കവുങ്ങ് തുടങ്ങിയ ദീര്‍ഘകാല വിളകളും മാവ്, പ്ളാവ്, തുടങ്ങിയ ഫലവൃക്ഷങ്ങളും നെല്ല്, മരച്ചീനി, നേന്ത്രവാഴ, വാഴ, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ ഹ്രസ്വകാല വിളകളും കൃഷി ചെയ്തുവരുന്നു.

Images
IRITTY