കുടുബശ്രീ സേവനങ്ങൾ

1

കുടുംബശ്രീ

 

കേവല ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി കേരളസര്‍ക്കാര്‍ രൂപം കൊടുത്തിട്ടുളള നവീന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയാണ്   കുടുബശ്രീ. സ്വതന്ത്ര സന്നദ്ധ   ത്രിതല വനിതാ സംഘടനയായ കുടുംബശ്രീ ,കമ്മ്യൂണിറ്റി ഡെവലപ്പ്മെന്‍റ് സൊസൈറ്റി   (സി ഡി എസ് )എന്ന പേരില്‍  ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട്  അനുസരിച്ച്  രജിസ്ട്രര്‍ ചെയ്തുകൊണ്ട് അതാത് തദ്ദേശ സ്വയംഭരണ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നു.   സി ഡി എസിനു കീഴില്‍  വാര്‍ഡു തലങ്ങളില്‍  ഏരിയാ ഡെവലപ്പ്മെന്‍റ് സൊസൈറ്റികളും ( എ ഡി എസ് ),  കുടുംബശ്രീ സംവധാനത്തിന്‍റെ അടിസ്ഥാന ഘടകങ്ങളായി അയല്‍ക്കൂട്ടങ്ങളും പ്രവര്‍ത്തിക്കുന്നു. ഓരോ ജനവാസ പ്രദേശത്തെയും അയല്‍പക്ക കുടുംബങ്ങളെ പ്രതിനിധീകരിച്ച്  ഒരോ വനിത എന്ന ക്രമത്തില്‍ 10 മുതല്‍ 20 വരെയുള്ള സ്ത്രീകളുടെ കൂട്ടായ്മയാണ് കുടുംബശ്രീ അയല്‍ക്കൂട്ടം

2

ഓക്സിലറി ഗ്രൂപ്പ്

18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള കുടുംബശ്രീ ഇല്ലാത്ത വനിതകളെ ഉള്‍പ്പെടുത്തികൊണ്ട് കുടുംബശ്രീയെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുന്നതിനായി ഓരോ വാര്‍ഡിലും ഓക്ലിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു. സ്ത്രീയുടെ കാര്യശേഷിയും സാമൂഹ്യ ഇടപെടല്‍ ശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനും അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിനും പോരാടുന്നതിനും വരുമാനദായക പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അറിവും അവസരങ്ങളും കുടുംബശ്രീ കുടുംബാംഗങ്ങളിലേക്കും ലഭ്യമാക്കി സത്രീ ശാക്തീകരണത്തിനും സാമ്പത്തിക ഉന്നമനവും അതുവഴി സാമൂഹിക വികസനവും ലക്ഷ്യമിട്ട് പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന യുവതികളുടെ കൂട്ടായ്മ എന്നതാണ് ഓക്സിലറി ഗ്രൂപ്പുകളുടെ ലക്ഷ്യം

3

വയോജന അയല്‍ക്കൂട്ടം

 

ആരോഗ്യ പ്രശ്നങ്ങള്‍ , വരുമാനമില്ലാത്ത അവസ്ഥ, ഒറ്റപ്പെടല്‍ , ഏകാന്തത, വിനോദോപാധികളുടെ അഭാവം  എന്നിവയെല്ലാം വയോജനങ്ങള്‍ നേരിടുന്ന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളാണ്.പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗമെന്ന നിലയില്‍ വയോജന പരിരക്ഷ ഉറപ്പാക്കുന്നതിനായി വയോജന അയല്‍ക്കൂട്ടം രൂപീകരിക്കുകയും പ്രത്യേകപദ്ധതികള്‍ ഉള്‍പ്പെടുത്തികൊണ്ട്   ക്ഷേമപ്രവര്‍ത്തങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നു

4

സൂക്ഷ്മ സമ്പാദ്യ പദ്ധതി

 

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ ധനവിനിയോഗ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന  പ്രധാന ചുമതലയാണ് സൂക്ഷ്മസമ്പാദ്യ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ത്രിഫ്റ്റ് , ആന്തരിക വായ്പ, ബാങ്ക് ലിങ്കേജ് വായ്പ, ബള്‍ക്ക് വായ്പ,  പലിശ   സബ്സിഡി , മാച്ചിംഗ് ഗ്രാന്‍റ് മുതലായവയുടെ കൃത്യമായ ക്രോഡീകരണവും വിതരണവുമാണ് മൈക്രോ ഫിനാന്‍സ് വിഭാഗം പ്രധാനമായും ചെയ്യുക. കേന്ദ്ര വിഹിതമായി ലഭിക്കുന്ന റിവോള്‍വിംഗ് ഫണ്ട്, വള്‍നറബിലിറ്റി  റിഡക്ഷന്‍ ഫണ്ട്  എന്നിവയും ഇതില്‍ പ്പെടുന്നു

5

മാര്‍ക്കറ്റിംഗ്

 

ഉത്പന്ന വിപണന മേളകള്‍ സംഘടിപ്പിക്കുക,  സ്ഥിരം വിപണന കേന്ദ്രങ്ങള്‍ തുടങ്ങുകയും നിലവിലുള്ള മറ്റു വകുപ്പുകളുടെയും പൊതു സ്ഥാപനങ്ങളുടെയും വിപണന കേന്ദ്രങ്ങളില്‍  കുടുംബശ്രീ ഉത്പന്നങ്ങള്‍ വില്പനയ്ക്കായി എത്തിക്കുക, ഓണ്‍ലൈന്‍ വിപണനം മെച്ചപ്പെടുത്തുക,  ജില്ലാ സംസ്ഥാന തലങ്ങളില്‍ ഉത്പന്ന സ്ഭരണ വിതരണ ശൃംഖല നടപ്പിലാക്കുക എന്നിവയിലൂടെ കുടുംബശ്രീ സംരംഭ, ജെ എല്‍ ജി ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റിംഗ് സാധ്യമാക്കി കൊടുക്കുന്നു . ഇതിന്‍റെ ഭാഗമായി കുടുംബശ്രീ ഉത്പന്നങ്ങള്‍ കുടുംബശ്രീ ബസാര്‍ എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ കൂടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

6

ജെന്‍റര്‍

 

സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളെ ഇല്ലായ്മ ചെയ്യുക ,അവസര സമത്വവും  തുല്യനീതിയും ഉറപ്പാക്കുക തുടങ്ങിയവയ്ക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ  നടത്തിവരുന്നു.സമൂഹത്തില്‍  നിലനില്‍ക്കുന്ന സാമൂഹ്യ അവസ്ഥയെയും  അധികാരഘടനയെയും  തങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ  അനുഭവങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീ പദവി സ്വയം വിശകലനം ചെയ്യുന്നതിനുള്ള ശേഷി കുടുംബശ്രീ പ്രവര്‍ത്തകര്‍ ആര്‍ജ്ജിക്കുകയും ചെയ്യുന്നതിന് സഹായിക്കുക എന്നതാണ് സ്ത്രീ പദവി സ്വയം പഠനപ്രക്രിയയുടെ ലക്ഷ്യം. ജെന്‍റര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്നേഹിത ജെന്‍റ്ര്‍ ഹെല്‍പ് ഡെസ്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.   

          തദ്ദേശ സ്വയംഭരണസ്ഥാപന തലത്തില്‍ ജെന്‍റര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും നടപ്പാക്കുന്നതിനും ജെന്‍റര്‍ റിസോഴ്സ് സെന്‍ററുകള്‍ (ജി ആര്‍ സി ) പ്രവര്‍ത്തിക്കുന്നു.   ആഴ്ചയില്‍ രണ്ടു ദിവസം സെന്‍റുകളില്‍ കമ്മ്യൂണിറ്റി കൗണ്‍സിലറുടെ സേവനം ലഭ്യമാണ്

7

അഗതി രഹിത കേരളം 

 

          അടിസ്ഥാനപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട നിരാലംബരും നിരാശ്രയരും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുമായ വിഭാഗകാര്‍ക്ക് സാമൂഹ്യാതിഷിഠിത സംവിധാനത്തിലൂടെ സേവനങ്ങള്‍ എത്തിച്ചുകൊടുക്കുകയും അതുവഴി അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതിനായി സംസഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന ആവിഷ്കരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലൂടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് അഗതി രഹിത കേരളം

8

ബാലസഭ

 

കുടുംബശ്രീ അയല്‍ക്കൂട്ട പരിധിയില്‍ വരുന്ന 5 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്നതാണ് ബാലസഭ.കുട്ടികളില്‍ സാമൂഹികവും രാഷ്ട്രീയവുമായ അവബോധം സൃഷ്ടിക്കുന്നതിനും അവരെ ഉത്തമ പൗരന്‍ന്മാരാക്കി വാര്‍ത്തെടുക്കുന്നതിനും ഈ കൂട്ടായ്മ കൊണ്ട് ലഭ്യമിടുന്നു. കൂടാതെ അവരിലെ വിവിധങ്ങളായ സര്‍ഗ്ഗശേഷികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആവിശ്യമായ ക്യാമ്പുകളും ഫെസ്റ്റുകളും ബാലസഭ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നടന്നു വരുന്നു. നിലവില്‍ 50 ബാലസഭകളാണ്  സി ഡി എസ് പരിധിയില്‍ പ്രവര്‍ത്തിക്കുന്നു

9

ഹരിതകര്‍മ്മസേന

 

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും ലക്ഷ്യമിട്ടുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭമാണ് ഹരിതകര്‍മ്മസേന. മാലിന്യമുക്ത കേരളത്തിന്‍റെ പ്രധാന വക്താക്കളായി 70 പേരാണ്   ഹരിത കര്‍മ്മസേനാംഗങ്ങളായി നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നത്.

10

സംരംഭപദ്ധതി

 

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട്   കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് മൈക്രോ സംരംഭ പദ്ധതി. സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ച് വിജയിപ്പിക്കുന്നതിനും അതുവഴി വരുമാനമാര്‍ജ്ജിക്കുന്നതിനും ആവിശ്യമായ സഹായങ്ങളാണ് ഈ പദ്ധതിവഴി കുടുംബശ്രീ ലക്ഷ്യമിടുന്നത്. അയല്‍ക്കൂട്ടാംഗങ്ങള്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ ഈ പദ്ധതിയില്‍ അംഗങ്ങള്‍ ആകുന്നതിന് അര്‍ഹതയുണ്ട്. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുമായി കമ്മ്യൂണിറ്റി എന്‍റര്‍ പ്രൈസസ് ഫണ്ട് (സി ഇ എഫ് ),  ബാങ്ക് വായ്പ എന്നിവ  അനുവദിക്കുന്നു

11

ജെ എല്‍ ജി

 

  ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്‍റെ (നബാര്‍ഡിന്‍റെ) ജെ.എല്‍.ജി. ആശയം അനുസരിച്ച് കൃഷിയില്‍ താല്പര്യമുള്ള കുടുംബശ്രീ വനിതകളെ കൂട്ടുത്തരവാദിത്വമുള്ള സംഘങ്ങളായി രുപീകരിച്ച് വൈദഗ്ദ്യ പരിശീലനം നല്‍കി കൃഷി അനുബന്ധ മേഖലകളുടെ സ്വയം പര്യാപ്തത കൈവരിക്കലാണ് കുടുംബശ്രീ നടപ്പാക്കുന്ന സംഘകൃഷി പദ്ധതി. കാര്‍ഷികമേഖലയില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനും കൂടുതല്‍ പേരെ ഈ മേഖലയില്‍ ഉള്‍പ്പെടുത്തുന്നതിനുമായി കുടുംബശ്രീ മിഷന്‍ മുഖാന്തരം   പലിശ സബ്സിഡിയോടു കൂടിയുള്ള  ബാങ്ക്  വായ്പകള്‍, ഇന്‍സെന്‍റീവുകള്‍ എന്നിവ നല്‍കി വരുന്നുണ്ട്.

 

irittymunicipality@gmail.com 0490 2433344